വില്ലന്റെ കത്ത്
- Meera Devaraj
- Jul 27, 2021
- 2 min read
Updated: Jun 23, 2023
ദേവീ, നിങ്ങളുടെ കഥയിലെ വില്ലനായിരിക്കും ഒരു പക്ഷേ ഈ കത്ത് എഴുതുന്ന ഈ ദിഗംബരൻ. പക്ഷേ നീ, നീ എന്റെ ജീവിതത്തിലെ ഏക നായികയാണ്. നീ എത്ര വെറുത്താലും, എന്തൊക്കെയായാലും... ദിഗംബരൻ നിന്നെ സ്നേഹിച്ചുകൊണ്ടിരിക്കും. മരണത്തിലും നീ അവന്റേത് ആയിരിക്കും എന്ന് നീ അന്ന് മുഖമടച്ചുപറഞ്ഞില്ലേ... അത് ഞാൻ ബഹുമാനിക്കുന്നു!എന്റെ പ്രാണേശ്വരിയുടെ ഓരോ വാക്കും എനിക്ക് ലഭിക്കാതെ പോയ ഓരോ മുത്താണ്. നീ അവന്റേത് ആകുന്ന ഓരോ രാത്രിയും നീറിപ്പുകഞ്ഞിട്ടുണ്ട് ദിഗംബരൻ. നിനക്ക് അറിയുമോ എന്ന് അറിയില്ല... അവൻ നിന്നെ സ്നേഹിക്കുന്നുണ്ടോ എന്ന്.. വേണ്ടാ.. നീ സംശയിക്കേണ്ട.. ഇന്നും നീ ഒരു പാവം പൊട്ടിപ്പെണ്ണാണ്. അവനെ കണ്ണടച്ചു വിശ്വസിക്കുന്ന പല സ്ത്രീകളിൽ ഒരാൾ... അതെ.... പലരിൽ ഒരാൾ! നിന്റെ കണ്ണിൽ നീര് പൊടിയുന്നുണ്ട്. ഈ കത്ത് എഴുതുന്ന വേളയിൽ എനിക്ക് ആ നനവ് തൊട്ടറിയാൻ കഴിയുന്നുണ്ട്. കാരണം നീ.. നീ എന്റെ ഹൃദയേശ്വരിയാണ്, നിനക്ക് അങ്ങനെയൊന്നും അല്ലെങ്കിലും. ഇല്ല മോളെ... എനിക്കറിയാം നിങ്ങളുടെ ഇടയിലെ ഓരോ പിണക്കവും പരിഭവവും എല്ലാം... എല്ലാം... ഹാ, എങ്ങനെ എന്നല്ലേ? പറയാമെടോ, നീ എന്റേതായി വരുന്ന ആ വേളയിൽ... എന്റേത് മാത്രമായി വരുന്ന വേളയിൽ നിന്നെ കെട്ടിപ്പിടിച്ചു മാറോടു ചേർത്തു ഞാൻ മന്ത്രിക്കും ആ രഹസ്യം! ഇപ്പോൾ നീ വിചാരിക്കുന്നതെല്ലാം എനിക്ക് ഈ കടലാസ്സിൽ കാണാൻ കഴിയുന്നുണ്ട് കേട്ടോ... എന്നാലും എന്റെ കടലാസ്സിനെ നനയ്ക്കാതെ! ഒരു കൊച്ചു മുയൽക്കുഞ്ഞിനെ പോലെ നീ പരുങ്ങുന്നത് എനിക്ക് കാണാൻ കഴിയില്ലെന്ന് വച്ചോ? കുട്ടീ, നിന്നെ അവൻ മനസ്സിലാക്കിയതിലും കൂടുതൽ ഞാൻ മനസ്സിലാക്കിയിരിക്കുന്നു... ഞാൻ എന്റെ പ്രേമത്തെ കുറിച്ച് പറഞ്ഞാൽ ഭവതിക്കു എന്തു തോന്നുമെന്ന് അറിയില്ല.. എങ്കിലും പറയട്ടെ... ഈ വേളയിലും, എന്റെ വിരലുകൾ നിമിഷങ്ങൾ എണ്ണിക്കൊണ്ടിരിക്കാതെ നിന്നോട് ഈ കടലാസ്സിലൂടെ സംവദിക്കണമെങ്കിൽ... എന്തു പറയേണ്ടു... എനിക്ക് നിന്നെ അത്രമേൽ ഇഷ്ടമാണ് പെണ്ണെ. ഒരിക്കലും നിന്റെ ശരീരം ആഗ്രഹിച്ചിട്ടില്ല എന്നൊന്നും പറയാൻ കഴിയില്ല.. അമ്പലത്തിൽ വരുന്നത് തന്നെ നിന്നെ കാണാനായിരുന്നു. ആദ്യമൊക്കെ എന്നെ നേരത്തെ എഴുന്നേൽപ്പിച്ചു വിടുന്നതിൽ അമ്മയോട് ദേഷ്യം ഉണ്ടായിട്ടുണ്ട്. പക്ഷേ പിന്നീട് എന്നും, അമ്മ എഴുന്നേൽപ്പിക്കുന്നത് കാക്കാതെ ഞാൻ വന്നിട്ടുണ്ട്, ഓരോ ഏഴരവെളുപ്പിനും ഏറ്റുമാനൂർ അമ്പലത്തിൽ. നിന്നെ ആദ്യമായി മഹേശ്വരന്റെ മുന്നിൽ വച്ച് കണ്ട ആ ദിവസം മുതൽക്കേ ആ തൂമുഖം എന്റെ ഹൃദയത്തിൽ കോറിയിട്ടിരുന്നു. എന്റെ പ്രതിയോഗി വളരെ ശക്തനാണെന്ന് അറിഞ്ഞിട്ടും നിന്നോടുള്ള സ്നേഹമാണ് ഈ ഭീരുവിനെ ഏതറ്റം വരെയും പോകാമെന്നു പഠിപ്പിച്ചത്.
കിളിക്കൊഞ്ചൽ പോലുള്ള നിന്റെ നനുത്ത ശബ്ദം എന്നുമൊരു ഹരമായിരുന്നു. എന്നെങ്കിലും ആ ശബ്ദത്താൽ എനിക്ക് നീ ഒരു വിരുന്നൊരുക്കുമെന്ന് വൃഥാ പ്രതീക്ഷിച്ചിട്ടുണ്ട്. പക്ഷേ ഇനി എനിക്ക് അതിനാവില്ല എന്നും പറയട്ടെ. സങ്കടപ്പെടാൻ പുതിയതൊന്നുമില്ല ദിഗംബരന്റെ ജീവിതത്തിൽ. അതെല്ലാം എന്നേക്കും ഉള്ളപോലെ എന്റെ ജീവനിൽ ഇഴുകിച്ചേർന്നുകഴിഞ്ഞല്ലോ. പക്ഷേ ഒന്ന് പറയട്ടെ, നീ ചാരേയുണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ച ദിനങ്ങൾ ഉണ്ടായിട്ടുണ്ട് എന്റെ ജീവിതത്തിൽ. പനിച്ചു കിടക്കുമ്പോഴും എന്തോ, എന്റെ തൂലിക എന്നെ അറിയാത്ത, ഞാൻ പ്രേമിക്കുന്ന പെൺകുട്ടിക്ക് വേണ്ടി ചലിച്ചു. ഇപ്പോഴും ചലിക്കുന്നു. അപ്പോൾ നീ പറയും, ഹാ എനിക്ക് നിങ്ങളെ അറിയാമല്ലോ എന്ന്. അതെ, നിനക്ക് അറിയാവുന്നത് ദിഗംബരൻ എന്ന വ്യക്തിയെ മാത്രം. പ്രേമമാണ് എല്ലാറ്റിനോടും... നിന്റെ മുടിയിലെ തുളസിപ്പൂവിനോടും.. നിന്റെ മേനി തൊട്ടുതഴുകുന്ന കുഞ്ഞിളംകാറ്റിനോടും.. നിന്റെ ഉടയാടകളോടും.. നിന്റെ കൈയിലെ കുഞ്ഞുപൂവിനോടും.. എന്തിന്.. നീ നടക്കുന്ന വഴിയോടും... എല്ലാമെല്ലാം... എനിക്ക് അതിയായ പ്രേമമാണ്. തണുപ്പുള്ള രാത്രികളിൽ നീ എന്റെ ചാരെയുണ്ടെന്നും.. മുടിയിലൂടെ വിരലോടിക്കുന്നുവെന്നും.. കവിളത്തു കടിക്കുന്നുണ്ടെന്നും.. കാതിൽ പാട്ട് മൂളുന്നുവെന്നും.. നെഞ്ചിൽ ചേർന്നുകിടന്നു തുടികൊട്ട് കേൾക്കുന്നുവെന്നും.. എല്ലാം.. എല്ലാം... ഈ ദിഗംബരൻ ചിന്തിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും നിന്നെ വേദനിപ്പിക്കണമെന്ന് മനസ്സു കൊണ്ട് ചിന്തിച്ചിട്ടില്ല.. ഒരാഗ്രഹം പറയട്ടെ.... നീ വിഷമിച്ചുവരുന്ന നേരങ്ങളിലെല്ലാം ഞാൻ ആ കലുങ്കിൽ ഉണ്ടായിരുന്നു... നീ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല... അവന്റെ ഒരു നല്ല വാക്കിനു വേണ്ടി നീ എന്തെല്ലാം പൊട്ടത്തരങ്ങളാണ് പെണ്ണെ കാണിച്ചുകൂട്ടിയിട്ടുള്ളത്! ഞാൻ നിന്നോട് ചോദിക്കുന്നു ഒരു കാര്യം.. നീ തന്നെ ഉറച്ചു ചിന്തിക്കു.. അവൻ നിന്നെ ഒരിക്കലെങ്കിലും സമാധാനിപ്പിച്ചിട്ടുണ്ടോ.. എന്റെ അറിവിൽ ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ നീ ഇത്രയും വിഷമിക്കുന്ന ഈ നേരത്തും അവൻ നിന്റെയൊപ്പം കാണില്ലേ? അവൻ നിന്നെ സ്നേഹിക്കുന്നുണ്ടോ... ഇപ്പൊ നീ പറയും ഹാ അവനും ഞാനും തമ്മിലുള്ളത് നിങ്ങൾ എന്തിനറിയണമെന്ന്! ശരി, ഞാൻ ആരും അല്ലല്ലോ... എന്നിരുന്നാലും ഞാൻ വിശ്വസിച്ചോട്ടെ, നമ്മൾ തമ്മിൽ പ്രേമത്തെക്കാൾ പവിത്രമായ എന്തോ ഒന്ന് ഉണ്ടെന്ന്... അങ്ങനെ വിശ്വസിക്കാനാണ് താല്പര്യം. ഒരാളുടെ ജീവിതത്തിലെ വില്ലൻ ആകാൻ കൊലപാതകമോ പീഡനമോ ഒന്നും വേണ്ടാത്ത നാളുകളാണിത്. ഞാൻ ചെയ്‌ത ഏക വില്ലത്തരം... അത്, ഈ വികൃതമായ മുഖവും ശരീരവും കൊണ്ട് നിന്നെ ആത്മാർത്ഥമായി പ്രേമിച്ചു എന്നുള്ളതാണ്. നിനക്ക് വേണ്ടി ഏതറ്റം വരെയും ഞാൻ പോകുമായിരുന്നു.. എന്നെ തിരസ്കരിച്ച നാളുകളിൽ എനിക്ക് അമർഷം തോന്നിയത് എന്നോട് മാത്രമായിരുന്നു. പോകുംമുന്നേ പ്രിയപ്പെട്ടവളോട് ഒരു വാക്കു മാത്രം.. പകലും രാത്രിയുമെന്നില്ലാതെ സ്നേഹത്തിനായി വലഞ്ഞ ഈ ഭ്രാന്തനു അർഹിക്കുന്നതിലും എത്രയോ അപ്പുറമാണ് നീ പെണ്ണെ. നിനക്ക് ഞാൻ നല്ലത് മാത്രം ആശംസിക്കുന്നു. ഈ കടലാസ്സ് നിന്റെ കൈയിൽ എത്തുമ്പോഴേക്കും ദിഗംബരന്റെ തല നിന്റെ പ്രാണപ്രിയൻ കൊയ്തെടുത്തുകാണും. ഓരോ നിമിഷവും മരണത്തിലേക്കുള്ള വാതായനങ്ങൾ കൂടുതൽ പ്രകാശിതമായി കാണിച്ചുകൊണ്ടിരിക്കുന്നു. അവിടെ കണ്ണിമയ്ക്കുന്ന ഒന്നുമില്ല, പെണ്ണെ, ഒന്നുമില്ല.... രക്തത്തിന്റെയും ശ്വാസത്തിന്റെയും ഗന്ധം ഒന്നാകുമ്പോൾ... പിടയ്ക്കുന്ന ഈ ജഡത്തെ നോക്കി നീ അറിയുക.... നീ മാത്രമായിരുന്നു ഇവന്റെ ലോകമെന്ന്! സസ്നേഹം, നിങ്ങളുടെ വില്ലൻ LORD DIGAMBARAN
😍😍😍