Blood is thicker than water എന്ന ഇംഗ്ലീഷ് പഴമൊഴി ഏവർക്കും സുപരിചിതമായിരിക്കും. രക്തബന്ധത്തേക്കാൾ ശ്രേഷ്ഠമായ ബന്ധമില്ലെന്ന് സാരം. എന്നാൽ ഞാനൊരു കഥ പറയാം - കഥയല്ല, ജീവിതത്തിൽ നിന്ന് ചിന്തിയെടുത്തൊരു ഏട്. എന്നിട്ട് നിങ്ങൾ പറയൂ, ഈ പഴമൊഴി കുറ്റമറ്റതോ എന്ന്...
നാല്പത് വർഷം പിന്നോട്ട് പോകാം. സംഭവസ്ഥലം നമ്മുടെ സ്വന്തം തലസ്ഥാനനഗരി തന്നെ. തന്റെ ഭാര്യയെയും ചെറിയ മക്കളെയും ശംഖുമുഖത്തെ വിമാനത്താവളം കാണിക്കാൻ കൊണ്ടുപോകുകയാണ് നമ്മുടെ കഥാനായകൻ. അന്നത്തെ ബജാജ് 150 ആണ് ഇഷ്ടന്റെ വാഹനം. ചുരുക്കിപറഞ്ഞാൽ ഒരു എളിയ സന്തുഷ്ടകുടുംബം.
ആദ്യമായി വിമാനത്താവളം കാണുന്ന കൗതുകത്തിനിടെ അദ്ദേഹത്തിന്റെ ഭാര്യ ഒരു കാര്യം ശ്രദ്ധിച്ചു. പ്രവേശനകവാടത്തിനു മുന്നിൽ ഒരു യുവതിയും അഞ്ചുവയസ്സോളം പ്രായം വരുന്ന ഒരു പിഞ്ചുബാലനും. എന്തോ പന്തികേടു പോലെ തോന്നി. അവർ ഈ കുടുംബത്തെ കണ്ടിട്ട് അടുത്തുചെന്ന് സംസാരിക്കാൻ തുടങ്ങി.
"എയർപോർട്ട് കാണാൻ വന്നതാണോ?" അവർ ചോദിച്ചു.
"അതെ," നാട്യങ്ങളില്ലാത്ത മറുപടിയുമായി കുടുംബനാഥ പുഞ്ചിരിച്ചു.
"എന്റെ ഭർത്താവ് അബുദാബിയിൽ ജോലി ചെയ്യുന്നു. അദ്ദേഹത്തെക്കാണാൻ വേണ്ടിയുള്ള യാത്രയ്ക്കായി വന്നതാണ് ഇവിടെ. ഇമ്മിഗ്രേഷൻ കൗണ്ടറിൽ വച്ചാണ് അറിയുന്നത്, എന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞുവെന്നും യാത്ര ചെയ്യണമെങ്കിൽ അതു പുതുക്കണമെന്നും. വന്ന വണ്ടി തിരിച്ചു പോകുകയും ചെയ്തു," ഒന്നു നിർത്തിയിട്ടു യുവതി തുടർന്നു,"യാത്ര നടക്കാത്ത സ്ഥിതിക്ക് ഇനിയിപ്പോൾ തിരിച്ചു റാന്നിക്ക് പോകാമെന്നാണ് കരുതുന്നത് - ബുദ്ധിമുട്ടില്ലെങ്കിൽ ഒരു സഹായം ചോദിച്ചോട്ടെ, ഒരു ടാക്സി ഏർപ്പാടാക്കി തരാമോ? ബസ്സിൽ വൈകി യാത്ര ചെയ്യാൻ പേടിയായിട്ടാണ്..."
അതിനുത്തരം പറഞ്ഞത് നമ്മുടെ സുഹൃത്താണ്,"രാത്രിസഞ്ചാരം നല്ലതല്ല... ടാക്സിയായാലും ബസ്സായാലും സുരക്ഷിതമായിരിക്കുമെന്ന് ഒരു ഉറപ്പുമില്ല. അതുകൊണ്ട് സഹോദരി ഒരു കാര്യം ചെയ്യൂ, ഇന്നത്തെ ദിവസം ഞങ്ങളുടെ വീട്ടിൽ തങ്ങൂ. നാളെ രാവിലെ റാന്നിയ്ക്കുള്ള ബസ്സിൽ ഞങ്ങൾ വിട്ടോളാം. ഇന്നത്തേക്ക് വിശ്രമിക്കൂ."
അങ്ങനെ ബജാജ് 150യുടെ പുറകെ ഒരു ഓട്ടോറിക്ഷയിൽ യുവതിയും മകനും തിരുവനന്തപുരം പേരൂർക്കടയിലെ കഥനായകന്റെ വസതിയിലെത്തി. രണ്ടുനിലക്കെട്ടിടത്തിന്റെ മുകളിലെ നിലയിലേക്ക് അവരുടെ പെട്ടികളും മറ്റും കയറ്റിവച്ചു.
റിട്ടയേർഡ് അധ്യാപികയായ ഗൃഹനാഥന്റെ അമ്മ വീട്ടിലുണ്ടായിരുന്നു. അവരെ കണ്ടതും യുവതിക്ക് മനസ്സിൽ തളംകെട്ടിനിന്ന ഭാരങ്ങൾ ഒഴിയുന്ന പോലെ തോന്നി.
"നാളെ രാവിലെ വരെ ഈ അമ്മയുടെ കൂടെ ഞാനും മകനും ഇരുന്നോട്ടെ..," അവർ അഭ്യർത്ഥിച്ചു.
"ഓ അതിനെന്താ, മോൾ ഇവിടെ ഇരുന്നോളു.. നാളെ പോയാൽ മതി," ആ അമ്മ പുഞ്ചിരിച്ചു.
അങ്ങനെ അടുത്ത ദിവസം രാവിലെ ഇരുവരെയും റാന്നിയ്ക്കുള്ള ബസ്സിൽ കയറ്റിവിട്ടു. നിറഞ്ഞ മനസ്സോടെ ആ യുവതി നന്ദി പറഞ്ഞു, കൊച്ചരിപ്പല്ലുകൾ കാട്ടി ആ കുഞ്ഞുമോനും.
ഇതൊരു വഴിത്തിരിവായി മാറുകയായിരുന്നു ഇവരുടെ ഇരുകുടുംബങ്ങളിലും. ഒറ്റപ്പെട്ടു പോയ നിമിഷങ്ങളിൽ തന്റെ മരുമകളെ ഇരുകയ്യും നീട്ടി സഹായിച്ച ആ കുടുംബത്തെ അടുത്ത ദിവസങ്ങളിൽ യുവതിയുടെ ഭർതൃപിതാവ് സന്ദർശിച്ചു. എന്നെന്നേക്കും കടപ്പെട്ടിരിക്കുന്നു താനും തന്റെ കുടുംബവും എന്ന് പറഞ്ഞപ്പോൾ മറ്റൊന്ന് കൂട്ടിച്ചേർക്കാൻ അദ്ദേഹം മറന്നില്ല. നിങ്ങളും ഞങ്ങളുടെ കുടുംബമാണെന്ന്....

ശരിയാണ്.... ആ ദമ്പതികൾക്ക് വേണമെങ്കിൽ അറിയില്ല പാടില്ല എന്നൊക്കെ പറഞ്ഞു സഹായിക്കാതെ ഒഴിയാൻ എളുപ്പമായിരുന്നു. അപരിചിതർ എന്നു കരുതി സംസാരിക്കാൻ കൂട്ടാക്കാതെ തിരികെ പോകാമായിരുന്നു. അനുകമ്പയോടെ ഒരു കുടുംബത്തെ സഹായിച്ചപ്പോൾ ധനത്തെക്കാൾ വിലമതിക്കുന്ന, രക്തബന്ധത്തേക്കാൾ മൂല്യമുള്ള ആത്മബന്ധം കരസ്ഥമാക്കാൻ അവർക്ക് സാധിച്ചു.
ഇനി പറയൂ, തുടക്കത്തിൽ പ്രതിപാദിച്ച ഇംഗ്ലീഷ് പഴമൊഴി സമ്പൂർണ്ണമോ?
വാൽക്കഷ്ണം :- ഇതിലെ കഥനായകൻ എന്റെ അപ്പൂപ്പനാണ്. ഇന്നും റാന്നിയിലെ ആ കൂട്ടുകുടുംബത്തോടുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നു.
Comments