top of page

വൈകിയെഴുതിയ ഓർമ്മകുറിപ്പ്

ഒരുപാട് നാളായി വിശ്രമജീവിതം നയിക്കുന്ന എന്റെ തൂലിക ഇന്ന് എന്നോട് കെഞ്ചുകയുണ്ടായി... "എന്തെങ്കിലുമൊന്ന് എഴുതൂ." കൂടുതൽ ആലോചിക്കാതെ തന്നെ വിഷയം ലഭിക്കുകയും ചെയ്തു.


2021 അതിന്റെ സമാപ്തിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.പുതുവർഷത്തെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ ഒരുങ്ങിനിൽക്കുകയാണ് നാം ഓരോരുത്തരും. ഈ ഒരു വേളയിൽ, ഒരു പുതുവത്സരാശംസ എന്നതിലുപരി ഒരു സന്ദേശം നൽകാനായി എനിക്ക് ആഗ്രഹമുണ്ട് (അതിനാണല്ലേ ഇത്രയും നീട്ടിപ്പിടിച്ചത് എന്ന് ചിലരുടെ മനസ്സിൽ ഇപ്പോൾ തോന്നുന്നുണ്ടാവും!). ചുരുക്കി പറയട്ടെ:


അനന്തപുരിനിവാസികൾക്കേവർക്കും സുപരിചിതമാണ് പട്ടം ജംഗ്ഷൻ. ഇന്നലെ അതുവഴി കാറിൽ പോകാനിടയായി. സമയം വൈകുന്നേരം അഞ്ചുമണി. അവിടെക്കൂടെ സ്ഥിരം പോകുന്നവർക്ക് അറിയാം അവിടുത്തെ ഗതാഗതത്തിന്റെ ഒഴുക്കും തളർത്തുന്ന ചൂടും മറ്റും (തണൽമരങ്ങൾ കുറവാണെന്നുള്ളതും കൂടെയുണ്ട്). അങ്ങനെ പട്ടം ജംഗ്ഷനിലെ സിഗ്നലിൽ വെയിറ്റ് ചെയ്തപ്പോൾ കണ്ടൊരു കാഴ്ചയാണ് -


ഏകദേശം 14-15 വയസ്സ് പ്രായമുള്ളൊരു ആൺകുട്ടി - അവന്റെ തലമുടിയും ശൈലിയും കണ്ടാൽത്തന്നെ അറിയാം അവൻ ഒരു അന്യസംസ്ഥാനക്കാരൻ ആണെന്ന്. കൂടെ അവന്റെ അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും - അവർ അസ്ഥിപഞ്ജരമായിരുന്നു - അവർ ഇരുവരും അന്നേദിവസം പേന വിറ്റുകിട്ടിയ കാശ് എണ്ണിനോക്കുകയായിരുന്നു. ആ കുട്ടിയുടെ മുഖത്ത് നേരിയൊരു തെളിച്ചം ഉണ്ടായിരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. അവന്റെ വിരലുകൾ നാണയത്തിന്റെ അരികുകളെ തലോടിക്കൊണ്ടിരുന്നു. ഓരോ നാണയത്തിലെയും ചിത്രപ്പണികൾ അവൻ കൗതുകത്തോടെ വീക്ഷിച്ചുകൊണ്ടിരുന്നു.


സിഗ്നൽ മാറി പച്ചയായി, വീടെത്തി, അടുത്ത ആവശ്യത്തിന് പോകാൻ ഇറങ്ങുമ്പോഴും ആ പയ്യന്റെ മുഖം എന്റെ മനസ്സിൽ നിന്നു വിട്ടുമാറിയില്ല. ഞാൻ ആലോചിച്ചു,

നമ്മൾ എല്ലാവരും എത്ര ഭാഗ്യം ചെയ്തവരാണ്! എന്തു മാത്രം നന്മ അനുഭവിക്കുന്നവരാണ്! 15 വയസ്സ് പ്രായമുള്ളപ്പോൾ ഒന്നിനെക്കുറിച്ചും എനിക്ക് വേവലാതിപ്പെടേണ്ടി വന്നിട്ടില്ല. എല്ലാം കയ്യെത്തും ദൂരത്തു തന്നെ എനിക്ക് ലഭിച്ചിട്ടുണ്ട്, ഒരു പേന ചോദിക്കുമ്പോഴെല്ലാം അച്ഛൻ എനിക്കും അനിയനുമായി രണ്ടു പാക്കറ്റ് പേന വാങ്ങിത്തരുമായിരുന്നു.


മാർക്ക്‌ കുറയുമ്പോൾ മാത്രമായിരുന്നു ചെറിയ അസ്വസ്ഥത. എങ്കിലും അമ്മ ഞങ്ങളോട് എന്നും പറയുമായിരുന്നു,


"മക്കളെ, നിങ്ങൾ എക്സാം എഴുതി തോറ്റാലും ജയിച്ചാലും എങ്ങോട്ടും പോവല്ലേ, ഇങ്ങോട്ട് തന്നെ വരണേ."


അതൊക്കെത്തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ സ്വത്തും സമ്പാദ്യവും വിപ്ലവവും!


വൈകിയെഴുതിയ ഒരു ചെറിയ ഓർമ്മകുറിപ്പ്,

പുതുവത്സരാശംസകളോട് കൂടെ,


മീരാ ദേവരാജ് #paidstory


 
 
 

Comments


Post: Blog2 Post

The Aspirin Girl

Subscribe Form

Thanks for submitting!

  • Facebook
  • Twitter
  • LinkedIn
  • Facebook
  • Facebook

©2019 by The Aspirin Girl. Proudly created with Wix.com

bottom of page