മന്ദസ്മിതം
- Meera Devaraj
- Jul 10, 2021
- 3 min read
"നിങ്ങളുടെ വാട്സാപ്പിൽ ലിസ്റ്റ് ഇട്ടിട്ടുണ്ട്. ഓൾറെഡി ലേറ്റ് ആണ് പ്രിയാ എന്നുള്ള സംസാരം എനിക്ക് കേൾക്കണ്ടാ. ഈയൊരാവസ്ഥയിൽ എനിക്ക് യാത്ര ചെയ്യാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ... അതുകൊണ്ട് വേഗം.... ഇല്ലെങ്കിൽ നാളത്തെ ഭക്ഷണം -" രാഘവ് മടുപ്പോടെ ഫോൺ കട്ട് ചെയ്തു. മിനിയാന്ന് ഓവർടൈം ഇരുന്നതിന്റെ ക്ഷീണം തീർന്നിട്ടില്ല. ഇന്നിനി രണ്ടുമണിക്കെങ്കിലും ഇറങ്ങാൻ പറ്റിയിരുന്നെങ്കിൽ... അവൻ ചെയറിൽ നിന്ന് എഴുന്നേറ്റ് വാഷ്റൂമിലേക്ക് നടന്നു. മടുപ്പ് തളംകെട്ടി നിന്ന ഓഫീസ്മുറിയിൽ നിന്ന് ഒരു മോചനം കിട്ടിയപോലെ... അവൻ ഇരുകൈയും കൊണ്ട് വാഷ്ബേസിനിൽ അമർത്തിപ്പിടിച്ചു. കണ്ണുനീർ ധാരധാരയായി ഒഴുകി. ആൺകുട്ടികൾ കരയരുത് എന്ന് അമ്മൂമ്മ പറഞ്ഞത് അവൻ ഓർത്തു. അങ്ങനെയൊന്നുമില്ല അമ്മൂമ്മാ, നമ്മൾ വിഷമിക്കുമ്പോൾ നമുക്ക് വേണ്ടി കരയാൻ നമ്മൾ മാത്രേ ഉണ്ടാവുള്ളു - അതിപ്പോ ആണായാലും പെണ്ണായാലും! മുഖം കഴുകിത്തുടച്ച് അവൻ ഓഫീസ്മുറിയിലേക്ക് നടന്നു. ഇപ്പോൾ ചെറിയ ഒരാശ്വാസം പോലെ. അവൻ വാച്ചിൽ നോക്കി - സമയം 12.30. രണ്ടുമണിവരെ പിടിച്ചിരിക്കാം എന്ന് കരുതി അവൻ വർക്ക് തുടങ്ങി. കംപ്യൂട്ടർ സ്ക്രീൻ അവനെ നോക്കി പല്ലിളിച്ചു. നേരിയ അളവിൽ ബ്രൈറ്റ്നെസ്സ് കുറച്ചുവച്ചശേഷം അവൻ ജോലിയിൽ മുഴുകി. "രാഘവ്, ലെറ്റസ് പാക്കപ്പ് ഫോർ ടുഡേ. ഐ സീ ബ്ലാക്ക് സർക്കിൾസ് അറൌണ്ട് യുവർ ഐസ്." ഏച് ആറിലെ ദീപക് ആണ്. പലസമയത്തും തന്റെ രക്ഷകനാവുന്ന തന്റെ അടുത്ത കൂട്ടുകാരൻ. സമയം മൂന്നുമണി. ബൈക്ക് പഞ്ചർ ആയതിനാൽ സർവീസിന് കൊടുത്തിരുന്നു. കാർ ആകട്ടെ, പ്രിയയുടെ അച്ഛൻ ചെന്നൈ പോകാൻ ഇന്നലെ വാങ്ങിച്ചതേ ഉണ്ടായിരുന്നുള്ളു. പൂർണ്ണചന്ദ്രൻ ഉദിച്ചുനിൽക്കുന്ന ആകാശം. ചെറിയ കാറ്റടിക്കുന്നുണ്ട്. തണുപ്പിൻ വിരൽസ്പർശം അവൻ അറിഞ്ഞു. ഫുട്പാത്തിലൂടെ നടക്കുമ്പോൾ ഏകദേശം 10 മീറ്റർ ദൂരത്തു ഒരു മനുഷ്യരൂപത്തെ കണ്ടു അവൻ. ഈ സമയത്ത് എന്താവാം, ഇയാൾക്ക് വീട് ഇല്ലായിരിക്കും എന്നൊക്കെ വിചാരിച്ചുകൊണ്ട് അവൻ മുന്നോട്ട് നീങ്ങി. കണ്ടഭാവം നടിക്കാതിരിക്കാൻ പറ്റിയില്ല, അത് ഒരു സ്ത്രീയായിരുന്നു. മാത്രമല്ല, അവളുടെ ചുണ്ടുകളിൽ ഹൃദ്യമായ ഒരു പുഞ്ചിരി ചായം തേച്ചിട്ടുണ്ടായിരുന്നു. രാഘവ് നന്നേ പണിപ്പെട്ടു പുഞ്ചിരിച്ചു. ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉയർന്നു. അവളുടെ നോട്ടം ശരത്തെ തോൽപ്പിക്കുമാറ് കടുത്തതായിരുന്നു. ഒരു നിമിഷം ബദ്ധപ്പെട്ടുവെങ്കിലും രാഘവ് തന്റെ വിറങ്ങലിച്ച കാൽ മുന്നോട്ടെടുത്തു വച്ചു. "സാർ..." എന്തോ ഓർത്തിട്ടെന്നപോലെ അവൻ പോക്കറ്റിൽ നിന്ന് ഒരു അമ്പത് രൂപാനോട്ട് എടുത്ത് അവളുടെ കൈയിൽ അലക്ഷ്യമായി കൊടുത്തു. "വേണ്ടാ, ഞാൻ അധ്വാനിക്കാതെ കിട്ടുന്ന പൈസ എനിക്ക് വേണ്ടാ..." "ഓഹോ എന്താണ് നിങ്ങളുടെ അധ്വാനം?" "സാർ എന്റെ കഥ കേട്ടിട്ട് നിശ്ചയിക്കു, എന്റെ അധ്വാനം എന്താണെന്ന്." "ഇന്നെനിക്ക് സമയമില്ല. വീട്ടിലേക്കുള്ള പച്ചക്കറി പോലും വാങ്ങിയിട്ടില്ല. ഈ സമയത്ത് പച്ചക്കറി ഒട്ട് കിട്ടുകയുമില്ല!അതിനിടയിൽ നിങ്ങൾ!"അവൻ അവളുടെ നേർക്ക് വിരൽ ചൂണ്ടി. "പച്ചക്കറി ഞാൻ വാങ്ങിത്തന്നാലോ?" അവൻ വെറുപ്പോടെ അവളെ നോക്കി. ഏതു നേരത്താണാവോ ഈ വഴിയെടുക്കാൻ തോന്നിയത്... ഈ നേരത്ത് ലിഫ്റ്റ് തരാൻ പോലും ആരുമില്ല! ഹോ! "സാർ ഇപ്പോൾ ഇവിടെ ഇരിക്ക്, ഞാൻ ഇപ്പൊ വരാം." ഹോ, ജീവിതം മടുത്തു. ഓവർടൈം, ഭാര്യ, ലിസ്റ്റ്, ബൈക്ക്, ഡാർക്ക് സർക്കിൾസ്, ഉറക്കം, പിന്നെ ഈ സ്ത്രീ!അവൻ മാസ്ക് ഊരി പേവ്മെന്റിൽ എറിഞ്ഞു. അവളുടെ കൈയിൽ ഒരു സഞ്ചിയുണ്ടായിരുന്നു - അതിനുള്ളിൽ നിന്നും മുരിങ്ങാക്കോൽ പുറത്തേക്ക് ഉന്തിനിൽപ്പുണ്ടായിരുന്നു. അവൻ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. "ഇനി എന്റെ കഥ കേൾക്കാമോ സാർ?" അവൻ മെല്ലെ തലയാട്ടി. പ്രിയയോട് പറയാം, നല്ലപോലെ ഓവർടൈം ഉണ്ടായിരുന്നു എന്ന്. "സാർ കല്യാണം കഴിഞ്ഞതല്ലേ." "അതെ." "കുഞ്ഞുണ്ടോ?" "ഭാര്യ ഗർഭിണിയാണ്." "ഭാഗ്യവതി." "നിങ്ങളുടെ കഥ പറയു." "അനാഥയാണ് ഇന്ന്." "ഓഹ്, ഞാനും!"രാഘവ് പറഞ്ഞു. "പിന്നെ, അസ്സീസ്സി നികേതനിൽ എന്റെ ഒരു അകന്ന ബന്ധുവുണ്ടെന്ന് മാത്രം അറിയാം. പുള്ളിക്കാരി ജീവിച്ചിരിപ്പുണ്ടോ എന്ന് മാത്രം അറിയില്ല." "അവർ തേടിവരാത്തിടത്തോളം കാലം നിങ്ങൾ അനാഥ തന്നെ." "ഇല്ല, അവർക്കെന്നെ ഓർമയുണ്ടാവില്ല." രാഘവ് പുഞ്ചിരിച്ചു. "പഠിക്കാൻ ഒന്നും പറ്റിയില്ല,കോളേജിൽ ചേർന്നത് തന്നെ അച്ഛന്റെ ആഗ്രഹംകൊണ്ട് ആയിരുന്നു. പതിനേഴുവയസ്സുമുതൽ പലതരത്തിലുള്ള ജോലിക്ക് പോയിത്തുടങ്ങി." ഒന്ന് നിർത്തിയിട്ടു അവൾ പറഞ്ഞു,"പെയിന്റ് അടിക്കാൻ പോയിട്ടുണ്ട്, കരിങ്കല്ല് ചുമന്നിട്ടുണ്ട്, സൂപ്പർമാർക്കറ്റിൽ സെയിൽസ്ഗേൾ ആയി നിന്നിട്ടുണ്ട്, ഹോട്ടലിൽ മേശ തുടയ്ക്കാൻ നിന്നിട്ടുണ്ട് - ഇതൊന്നും കൂടാതെ മുടി മുറിച്ചു വിറ്റിട്ടുണ്ട്, മൂന്നുതവണ." "ബഹുമാനം തോന്നുന്നു, നിങ്ങളുടെ പേര് എന്താണ്?" "സ്മിത." "ഓഹ്, സ്മിത, കോളേജ് ടൈമിൽ എനിക്ക് ഒരു ശത്രുവുണ്ടായിരുന്നു, ഒരു സ്മിത രാജ്." അവൾ അന്ധാളിപ്പോടെ രാഘവിനെ നോക്കി. "ഞാനും ഒരു സ്മിത രാജ് ആണ്!" "..... കോളേജിലെ...???" "അതെ!" "നൈസ് ടു മീറ്റ് യൂ, മിസ്സ് രാജ്!" "നിങ്ങൾ?" "രാഘവ് എസ് പിള്ള,.... ബാച്ചിലെ" "ഞാനും!" ഒരു നിമിഷം മൗനം പൂണ്ട സ്മിത പതിയെ ആലോചനയിലാണ്ടു. പെട്ടെന്ന് അവൾ പറഞ്ഞു, "നിങ്ങൾ എന്റെ വീട്ടിലേക്ക് വരുന്നോ?" "ഓഹ് യെസ് ഷുവർ!ഈ തണുപ്പിനെക്കാൾ നല്ലത് ഒരു വീട് ആണ്." രണ്ടു മുറിയും കുടുസ്സായ ടോയ്‌ലെറ്റും ഉള്ള ചെറിയതെങ്കിലും വൃത്തിയുള്ള വീട്. രാഘവ് ചെയറിൽ ഇരുന്നു. രണ്ടു കപ്പ് ജ്യൂസുമായി സ്മിത അടുക്കളയിൽ നിന്ന് ഇറങ്ങി വന്നു. "അന്നത്തെ തന്റെ പ്രേമമൊക്കെ?" "രാജും ഞാനും ഡിവോഴ്സ് ചെയ്തു. ഒരു കുട്ടിയുണ്ടായിരുന്നത് പിന്നീട് മഞ്ഞപ്പിത്തം വന്നു മരിച്ചുപോയി." "ങും, സ്മിതയുടെ അധ്വാനം ആയിരുന്നല്ലോ ടോപ്പിക്ക്." "രാജ് പോയതോടെ ജീവിക്കാൻ ഉള്ള തത്രപ്പാടിലായി ഞാൻ. മകൾ മരിച്ചതിനുശേഷം ആരുമേതും ഇല്ലാതെ അലഞ്ഞുതിരിഞ്ഞ നാളുകളുണ്ട്. പതിയെ ബ്രൗൺഷുഗറും കോക്കൈനും വിൽക്കുന്ന റാക്കറ്റിൽ അകപ്പെട്ടു. അതിൽ നിന്ന് കിട്ടിയ തുച്ഛമായ തുകകൊണ്ടാണ് ഈ വീട് വാങ്ങിയത്." "തുച്ഛമോ?" "അധികം തരാൻ വിസ്സമ്മതിച്ചതിന് മതിയായ കാരണമുണ്ട്." "അതെന്തുവാ?" "രണ്ടുതവണ എന്നെ പോലീസ് പിടിച്ചിട്ടുണ്ട്. പക്ഷേ ആദ്യത്തെ തവണ പരിചയം ഇല്ലാത്തതിനാൽ കുറ്റം സമ്മതിക്കുകയും ചെയ്‌തിരുന്നു ഞാൻ... റാക്കറ്റിലെ പല ചെറിയ കണ്ണികളെയും അവർ അങ്ങനെ പിടിച്ചു." "രണ്ടാമത്തെ തവണ വനിതാപൊലീസ് എന്റെ ശരീരത്തിൽ ഒരുപാട് ക്ഷതമേൽപ്പിച്ചു. എന്റെ ഈ അവസ്ഥ കണ്ട് റാക്കറ്റിലെ കുട്ടപ്പച്ചേട്ടായി എനിക്ക് പച്ചക്കറിക്കട ഇട്ടുതന്നു, ഒരു നാലുമാസം മുന്നേ." "എന്തായാലും നീ ശരീരം വിറ്റില്ലല്ലോ. ശരിക്കും അതൊക്കെയാണ് ഞാൻ പ്രതീക്ഷിച്ചത്." അവൾ അർത്ഥഗർഭമായി പുഞ്ചിരിച്ചു. പിന്നെ അതെപ്പറ്റി ചോദിക്കാൻ അവൻ മുതിർന്നില്ല. അവളുടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പ്രാർത്ഥന മാത്രമായിരുന്നു അവന്റെ ചുണ്ടിൽ... എന്നെങ്കിലും ഇവളെ സഹായിക്കാൻ പറ്റണം. "ആഹ്, എവിടെയായിരുന്നു," പ്രിയയുടെ ശബ്ദം. രാഘവ് തന്റെ ജീവിതത്തിലേക്ക് തിരിച്ചെത്തി.
മനോഹരമായ ഏഴുത്ത് 😍