മുത്തുച്ചിപ്പി
- Meera Devaraj
- Jun 12, 2021
- 1 min read
Updated: Jan 7, 2024
"എഴുതാനാകുന്നില്ല... കൈ തളരുന്നു... സൂര്യൻ അസ്തമിക്കുവോളം ആ താഴ്‌വാരം നോക്കി
മിനിക്കുട്ടിയുടെ ചിരി അവളുടെ സ്വർണലോലാക്കുകളെക്കാൾ ഹൃദ്യമായിരുന്നു.പനിനീർ തോൽക്കുന്ന സൗന്ദര്യമില്ലെങ്കിലും അവൾ എന്നും എനിക്ക് പ്രിയപ്പെട്ടവളായിരുന്നു. എന്റെ മിനിക്കുട്ടി!
മണലാരണ്യത്തിൽ അവളുടെ മാതാപിതാക്കൾ കഷ്ടപ്പെടുമ്പോഴും എന്റെ കൂടെ നടന്നു മാളോരെ കൊഞ്ഞനം കുത്തുന്നതായിരുന്നു അവളുടെ പരിപാടി. വളർന്നപ്പോൾ അവളിൽ നാണം നിഴലാടി, പെണ്മ നിറഞ്ഞാടി.
അഴിഞ്ഞ കേശഭാരം ഉണക്കുന്നതിനിടെ അവളുടെ ഹരിയേട്ടൻ സമ്മാനിച്ചതാവാം ആ ആദ്യചുംബനം. അതിന്റെ വീര്യം തീരെ കെട്ടടങ്ങിയിട്ടില്ലെന്നു എനിക്ക് തോന്നുന്നു.
അവളുടെ അമ്മൂമ്മയ്ക്ക് എന്നെ വളരെ ഇഷ്ടമായിരുന്നു. മലമ്പനി ബാധിച്ചു അവർ മരണമടഞ്ഞപ്പോൾ അവൾക്കു കൂട്ടിനു എന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. അവസാനശ്വാസം വരെയും പൊന്നുപോലെ നോക്കിക്കോളാം എന്നുള്ള എന്റെ വാക്കിന്മേൽ അമ്മ ഞങ്ങളുടെ ബന്ധം അംഗീകരിച്ചു.
ജൂതത്തെരുവിൽ മുത്തുച്ചിപ്പി വിറ്റുനടന്ന ഹംസയോട് വിലപേശി മിനിക്കുട്ടി കുറെ അധികം വാങ്ങി - മുത്തുച്ചിപ്പി മാത്രമല്ല, അത് വയ്ക്കാൻ ഒരു ചെപ്പും.
സ്കൂളിൽ നിന്ന് അന്ന് മിനിക്കുട്ടി ഓടിവന്നതും എന്നെക്കണ്ടതും ഒരുമിച്ചായിരുന്നു. അവളുടെ കവിളിൽ രക്തപ്രസാദം ഉണ്ടായെങ്കിലും അത് വേഗം വലിഞ്ഞുമാറി.
അവളെ നെഞ്ചോടു ചേർത്തു റെയിൽപ്പാളത്തിലൂടെ നടക്കുമ്പോൾ അവൾ എനിക്ക് കാണിച്ചുതന്നത് മുത്തുച്ചിപ്പി അല്ലായിരുന്നു, അവളുടെ ആയിരം ആഗ്രഹങ്ങളുടെ, ഇഷ്ടങ്ങളുടെ കൂമ്പാരമായിരുന്നു.
"മിനീ!"
"എന്താ ഹരിയേട്ടാ..."
"നമുക്ക് കല്യാണം കഴിക്കേണ്ടേ?"
പൂർവാധികം നാണത്തോടെ മിനി മുഖം കുനിച്ചു നടന്നു. അരുണിമ പൂത്തിറങ്ങിയ കവിളിൻ താഴ്‌വരയിലെ ആമ്പലുകളായി മാറിയിരുന്നു അവളുടെ നേത്രങ്ങൾ.
ഉള്ളിലെന്തോ കൊത്തിവലിക്കുംപോലെ.. മിനിയുടെ കൈവിട്ടു ഞാൻ നടന്നു.
"ഹരിയേട്ടാ..."
"നെഞ്ചിൽ ഒരു വേദന, മിനി..."
അവളുടെ കൈ നെഞ്ചിലമർന്നതും ഞങ്ങളുടെ കണ്ണുകൾ ഉടക്കിയതും ഒരുമിച്ചായിരുന്നു.
"മിനീ...."
"ങും."
ഒന്നും മുഴുമിപ്പിക്കാനായില്ല. ഉള്ളു ആന്തിക്കൊണ്ടിരുന്നു. എങ്കിലും മിനിയുടെ കരസ്പർശത്താൽ ഹൃദയം തുടികൊട്ടി.
ഒരു നിമിഷം... മിനി വഴുതിവീണു... പാളത്തിലേക്കു...മുത്തുച്ചിപ്പി വീണുചിതറി.അലറിക്കൊണ്ട് ഒരു തീവണ്ടിയും തത്സമയം ആഗതമായി. ഭയത്തോടെ വീട്ടിലേക്കോടുക മാത്രം ചെയ്ത, ഭീരുവായ പ്രണയിതാവായി ഞാൻ അന്ന്.
അന്ന് ആരും എന്നെ കുറ്റം പറഞ്ഞില്ല.
വിങ്ങുന്ന മനസ്സുമായി തോണി കാത്തുനിൽക്കവേ, വിദൂരതയിൽ നിന്നും ഹൃദയത്തെ വീണ്ടും പ്രകമ്പനം കൊള്ളിച്ചുകൊണ്ട് തീവണ്ടിയുടെ ആരവം!
മിനിക്കുട്ടി! എന്റെ -
Nice story😍