നീയാം നിത്യവസന്തത്തിൻ ശേഷിപ്പുകൾ
- Meera Devaraj
- Mar 16, 2023
- 2 min read
കാലം ഒരുപാട് മുമ്പോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും ചില മുറിപ്പാടുകൾ തെല്ലൊന്ന് ഉണങ്ങാൻ പോലും കൂട്ടാക്കാതെ അവശേഷിക്കും - മണ്ണിലും മനുഷ്യമനസ്സിലും.
എന്നിലെ ഞാൻ മരിച്ചിട്ടില്ലായെന്ന് അറിഞ്ഞത് ഇന്നാണ്. അനാഥാലയത്തിലെ കുരുന്നുകളെ കടൽ കാണിക്കാൻ കൊണ്ടുവരുന്ന ദിവസം തന്നെ അവനെ അവിടെ കാണുമെന്നു തീരെ പ്രതീക്ഷിച്ചില്ല. അവൻ.. കാളിദാസ്.
ഓർക്കാൻ സുഖമുള്ള ഒരുപിടി ഓർമ്മകൾ സമ്മാനിച്ചു പടിയിറങ്ങിയവൻ... പതിനഞ്ചു വയസ്സിൽ ഒരു പൊട്ടിപ്പെണ്ണിന് തോന്നിയ അടക്കാനാകാത്ത പ്രേമം... എന്തെന്നില്ലാത്ത ഒരു അഭിനിവേശം... പലതും എഴുതിക്കൂട്ടിയ രാത്രികൾ... ദിവാസ്വപ്നം കണ്ട പകലുകൾ... എന്തെല്ലാമോ, ആരെല്ലാമോ ആയിരുന്നു എനിക്ക് കാളിദാസ്.
പത്താം ക്ലാസ്സിലെ ഓണപ്പരീക്ഷക്ക് മാർക്ക് കുറവായിരുന്നു. പപ്പ നല്ല പോലെ ശകാരിക്കുകയും തല്ലുകയും ചെയ്തു. അമ്മ വിളമ്പിയ ആഹാരം കഴിക്കാൻ കൂട്ടാക്കാതെ പോയി കിടന്നു. രാവിലെ അര ഗ്ലാസ്സ് കാലിച്ചായ മാത്രം കുടിച്ചുകൊണ്ട് സ്കൂളിലേക്ക് നടന്നത് ഓർക്കുന്നു.
"ലിസമ്മാ, എന്തായിത്? കൈയിലൊക്കെ?,"കാളിദാസ് എന്നെ കണ്ടപാടെ തിരക്കി.
"അത്... ഒന്നുമില്ല,"വേദന കടിച്ചമർത്തിക്കൊണ്ട് ഞാൻ പറഞ്ഞു. ചെറുതായി പുഞ്ചിരിക്കാൻ ശ്രമിച്ചു.
"ലിസമ്മ വന്നേ..,"കാളിദാസ് പൈപ്പിനരികിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി. തിണർത്ത പാടുകളിൽ കുറേശ്ശേ വെള്ളം ഇറ്റിച്ചു. തണുത്ത വെള്ളം ഒഴുകിയിറങ്ങുമ്പോൾ എന്തുകൊണ്ടോ, കണ്ണീരിനിടയിലൂടെ ഞാൻ ഒരു മാലാഖയെ കണ്ടു. അവനു കാളിദാസിന്റെ ഛായയായിരുന്നു.
ഞങ്ങൾ അടുത്ത കൂട്ടുകാരായത് വളരെ പെട്ടെന്നായിരുന്നു. ചെറിയൊരു ഇഷ്ടത്തിന്റെ തുടക്കവുമായിരുന്നു അത്.
"കാളിദാസ്, എനിക്ക് നിന്നെ ഇഷ്ടമാണ്,"നിൽക്കള്ളിയില്ലാതെ വന്നപ്പോൾ ഞാൻ തുറന്നു പറഞ്ഞു.
ആദ്യമൊക്കെ അവൻ നിരസിച്ചുവെങ്കിലും എന്റെ നിരന്തരമായ അഭ്യർത്ഥന കാരണം അവൻ മെല്ലെ വഴങ്ങി. പിന്നീടൊരിക്കൽ അവൻ എന്നോട് പറഞ്ഞു,"ലിസമ്മാ, എനിക്ക് ഈ ഇഷ്ടം തുറന്നു പറയാൻ മടിയില്ല, പക്ഷേ പേടിയാണ്... ലിസമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് താങ്ങാൻ കഴിയില്ല."
പ്രീഡിഗ്രിക്ക് ചേരുമ്പോൾ കാളിദാസ് മറ്റൊരു കോളേജിൽ ചേർന്നുകഴിഞ്ഞിരുന്നു. അവന്റെ മേൽവിലാസം എഴുതിയ പോസ്റ്റുകാർഡും പിടിച്ച് വിഷണ്ണയായിരുന്നിട്ടുണ്ട് ഒരുപാട് രാത്രികളിൽ. വൈകാതെ വീട്ടിൽ കാര്യമറിഞ്ഞു - ഞാൻ എഴുതി ഭദ്രമായി വച്ചിരുന്ന കത്തുകൾ അവർ കണ്ടുപിടിച്ചു. അന്ന് പപ്പ ഒരുപാട് ആക്രോശിച്ചു, അമ്മയെയും എന്നെയും പൊതിരെ തല്ലി.
ഏതാണ്ട് രണ്ടു വർഷങ്ങൾക്ക് ശേഷം പപ്പ എന്നെ മഠത്തിൽ ചേർത്തു. അന്നൊക്കെ രാത്രി ഒരുപാടൊരുപാട് കരയുമായിരുന്നു. അമ്മയെ ഓർത്ത്, കാളിദാസിനെ ഓർത്ത്..പിന്നീട് ആ ഒറ്റപ്പെടൽ ശീലമായി. സങ്കടം വരുമ്പോഴെല്ലാം ബൈബിൾ വായിച്ചു സന്തോഷം കണ്ടെത്തുമായിരുന്നു.
പിന്നീട് മദർ സുപ്പീരിയർ എന്നെ അസ്സിസ്സി ഓർഫനെജിന്റെ ഭാരവാഹിയാക്കി. കുഞ്ഞുമക്കളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്... ആരും ഏതും ഇല്ലാത്തവർ... പണ്ട് ഏതോ പഴന്തുണിക്കെട്ടിൽ ഉപേക്ഷിക്കപ്പെട്ട ജന്മങ്ങൾ... അവരുടെ മോണ കാട്ടിയുള്ള ആ ചിരിയിൽ ഞാൻ എല്ലാ നിർഭാഗ്യങ്ങളും മറക്കുമായിരുന്നു.
ആകെ ബഹളമയം. ഏതോ കുഞ്ഞ് വെള്ളത്തിൽ വീണിരിക്കുന്നു. ഞാൻ ഓടിച്ചെന്നു. കുഞ്ഞിനെ വാരിയെടുത്തു മണൽത്തിട്ടമേൽ കിടത്തി, അറിയുന്ന രീതിയിൽ പ്രാഥമിക ശുശ്രൂഷ കൊടുത്തുകൊണ്ടിരുന്നു.
ഒരാൾ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഇറങ്ങി വന്നു. എന്നെ വകഞ്ഞുമാറ്റി കുഞ്ഞിനെ വാരിയെടുത്ത് റോഡിലേക്ക് നടന്നു. പരിഭ്രാന്തയായി ഞാൻ മറ്റുള്ള മക്കളോട് ബസിൽ കയറാൻ പറഞ്ഞു. എന്നിട്ട് ആ മനുഷ്യനെ പിന്തുടർന്നു.
അയാൾ കാറിൽ കയറി എന്നോട് പിറകിൽ ഇരിക്കാൻ ആംഗ്യം കാണിച്ചു. കുഞ്ഞിന്റെ തല എടുത്തു മടിയിൽ വച്ച് ഞാൻ കാറിന്റെ പിൻസീറ്റിൽ ഇരുന്നു.
കാഷ്വലിറ്റിയുടെ മുമ്പിൽ ഞാൻ ജപമാല എണ്ണിക്കൊണ്ടിരുന്നു. ആ മനുഷ്യൻ എന്നെ വിചിത്രമായ രീതിയിൽ നോക്കുന്നുണ്ടായിരുന്നു. ഞാൻ പ്രാർത്ഥനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
"ലിസമ്മാ..?,"പരിചിതമായ ശബ്ദം. ഞാൻ കണ്ണുതുറന്നു.
"ഞാൻ... എന്നെ മനസ്സിലായോ...," അയാൾ ചോദിച്ചു.
ഞാൻ നിഷേധഭാവത്തിൽ തലയാട്ടി.
"കാളിദാസ്...,"അയാൾ പതിയെ പറഞ്ഞു.
പ്രാർത്ഥനയിൽ കൂമ്പിയിരുന്ന എന്റെ കണ്ണുകൾ തുടിച്ചു.
"കാളിദാസ്?"
"ഉം.. അതെ..."
ഞങ്ങൾക്ക് കുറെ നേരത്തേക്ക് ഒന്നും സംസാരിക്കാൻ സാധിച്ചില്ല. ഞാൻ കർത്താവിനോട് നന്ദി പറഞ്ഞുകൊണ്ടിരുന്നു.
നേഴ്സ് എന്നെ ഉള്ളിലേക്ക് വിളിച്ചു. കുഞ്ഞിന് ഗുരുതരമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു. ഞാൻ കർത്താവിനോട് നന്ദി പറഞ്ഞു.
കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത് ഇറങ്ങാൻ നേരം കാളിദാസിനെ കണ്ടില്ല. ഓട്ടോയിൽ തിരികെ ഓർഫനെജിൽ എത്തിയപ്പോൾ എല്ലാ മക്കളും ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു. കുഞ്ഞിനേയും ഉറക്കിക്കിടത്തി ഞാൻ മുറിയിൽ ചെന്ന് സാക്ഷയിട്ടു. ഒരുപാട് നേരം കരഞ്ഞു.
ശരിയാണ്... കാലം അതിന്റെ ഭ്രമണപഥത്തിൽ ബഹുദൂരം സഞ്ചരിക്കുമ്പോഴും ചില മുറിപ്പാടുകൾ തെല്ലും ഉണങ്ങാൻ കൂട്ടാക്കാതെ അവശേഷിക്കും - മണ്ണിലും, മനുഷ്യമനസ്സിലും!
Comments