ഒരു വിളിപ്പാടകലെ
- Meera Devaraj
- Jun 26, 2022
- 1 min read
"...ഞാൻ വീടിനുപുറകിലെ അലക്കുകല്ലിന്റെ മേലെ കിടക്കുവാ... നീ പറഞ്ഞോ..."
എന്തു പറയാനാണ്! ഞാൻ ജനലിലൂടെ പുറത്തേക്ക് കണ്ണുംനട്ടുകൊണ്ടിരുന്നു. ചന്ദ്രനില്ലാത്ത, വെളിച്ചം തൂവാത്ത, സർപ്പദംശമേറ്റപോൽ കരിനീലിച്ചുകിടക്കുന്ന വാനം.ശാന്തതയുടെ മേലാപ്പണിഞ്ഞ അന്തരീക്ഷമെങ്കിലും ഉള്ളിലെന്തൊക്കെയോ, എവിടെയൊക്കെയോ നീറുന്നു, പൊള്ളുന്നു -
"എടാ നീ പോയോ?"
"ഇല്ല."
ഒരു നിമിഷം. "മനൂ.."
"ഓ പറയ്."
"ഒന്നുമില്ല -"
"നിനക്കിതെന്തു പറ്റി.... ഇത്രവേഗം?"
"എനിക്ക് എന്തോപോലെ, അറിയില്ല എന്താണെന്ന്..."
"വെറുതെ തോന്നുന്നതാ, പെണ്ണെ."
അതു ശരിയാണ്, ഏറെക്കുറെ. മറ്റൊന്നും ചിന്തിക്കാൻ ഇല്ലാത്തതു കൊണ്ട്, മറ്റൊന്നിനെപ്പറ്റിയും വ്യാകുലപ്പെടാൻ ഇല്ലാത്തതുകൊണ്ട്.
"എന്നാൽ ഞാൻ വയ്ക്കട്ടെ, മനൂ... നല്ല ക്ഷീണം."
"നീ ഇങ്ങനെ വിഷമിച്ചുനിന്നാലോ.... എനിക്കൊരാഗ്രഹമുണ്ട്, നടത്തിത്തരാമോ?"
ഞാൻ ചെറുതായൊന്നു മൂളി.
"ഫോൺ വയ്ക്കാൻ നേരമാവുമ്പോ നീ സന്തോഷവതിയായിരിക്കണം.അത്രേയുള്ളൂ."
ഒരു നിമിഷം. ആർത്തലച്ചു വന്ന തിരമാലകൾ മനസ്സിന്റെ കരയെ തൊട്ടുതലോടിക്കൊണ്ട് പിൻവാങ്ങി.
"അത്രേയുള്ളോ...," എന്റെ ചുണ്ടുകൾ മന്ത്രിച്ചു.
"ഉം... അത്രേയുള്ളൂ...,"മനു പറഞ്ഞു.
അവൻ കുറെ നേരം എന്തൊക്കെയോ സംസാരിച്ചു. നാരകത്തിലയെ കുറിച്ചും, മേഘക്കീറുകളെക്കുറിച്ചും തോട്ടിൽ ചാടിയ ചന്ദ്രനെക്കുറിച്ചും അവന്റെ കുട്ടിക്കാലത്തെക്കുറിച്ചും മറ്റും. ഓരോ വാക്ക് പറയുമ്പോഴും ഞങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞുവരുന്നതായി എനിക്ക് തോന്നി. ഇതുവരെയും തോന്നിയിട്ടില്ലാത്ത തരത്തിലുള്ള പ്രതിപത്തി തോന്നിത്തുടങ്ങിയിരുന്നു എനിക്കവനോട്.
"ദേവികാ..."
"മനൂ..."
"നിന്റെ വിഷമം ഒക്കെ പോയോ?"
"ഉം..."
"നിന്റെ പുഞ്ചിരി എനിക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ... അല്ലേ?," മനു പറഞ്ഞു.
അൽപ്പനേരത്തെ സംസാരത്തിനു ശേഷം ഞാൻ ഫോൺ കട്ട് ചെയ്ത് പഠിക്കാനിരുന്നു. വല്ലാത്തൊരു ഉന്മേഷം തോന്നിത്തുടങ്ങിയിരുന്നു.
ഇന്നും ഓർമിക്കാറുണ്ട്, അവനെ... എങ്ങനെ മറക്കാൻ കഴിയും! ജീർണ്ണിച്ചുതുടങ്ങിയ ശരീരങ്ങൾ പിന്നെയും എന്തൊക്കെയോ ആഗ്രഹിച്ചുപോകാറില്ലേ?
Comments